2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

സംഗീതം.... എന്താണ് സംഗീതം..???


സംഗീതം കേള്‍ക്കുമെങ്കിലും എന്താണ് സംഗീതം എന്നറിയില്ല..അതിനാല്‍
അന്യൊഷിച്ച്‌ നടന്നപ്പോള്‍ കണ്ടെത്തിയതാണ് ഈ പാവം പ്രവാസി
ഇന്ന് കുറിക്കുന്നത്‌..എന്താണ് സംഗീതം..?


രാഗ താള ഭാവ ലയങ്ങളുടെ കൃത്യമായ സങ്കലനമാണു സംഗീതം. ചരിത്രാതീത കാലം മുതല്‍ സ്ഥലമോ കാലമോ ദേശമോ ഭാഷയോ വ്യത്യാസമില്ലാതെ കണ്ടെത്തപ്പെട്ട എല്ലാ സംസ്‌കാരങ്ങളിലും സംഗീതം എന്ന കലയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇതിന്റെ ഉത്ഭവം എന്നാണെന്നറിയാന്‍ വിവിധ രാജ്യങ്ങളില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരുന്ന ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഏതാണ്ട് 50000 വര്‍ഷത്തോളം പഴക്കം ഈ കലാരൂപത്തിനുണ്ടെന്നായിരുന്നു. അനന്തമായ അന്വേഷണങ്ങള്‍ ഇന്നും തുടരുകയാണ്. സംഗീതം കടലു പോലെയാണെങ്കില്‍ അതിന്റെ ചരിത്രം ലോകം മുഴുവന്‍ പരന്നു കിടക്കുകയാണ്.
ശബ്ദം ആശയ വിനിമയത്തിനുള്ള ഉപാധിയാണെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ തന്നെ സംഗീതവും ഉടലെടുത്തിരിക്കണം. വന്യമൃഗങ്ങളെ അകറ്റാനും ആഹാരം പങ്കു വെയ്ക്കാനും ഇണയെ ആകര്‍ഷിക്കാനുമെല്ലാം ആദിമ മനുഷ്യന്‍ ഉപയോഗിച്ചിരുന്ന സ്വരങ്ങള്‍ക്ക് അവരറിയാതെ കടന്നുകൂടിയ ഒരു താളമുണ്ടായിരുന്നു. സംഗീതത്തിന്റെ വളര്‍ച്ചയുടെ കഥ ആരംഭിക്കുന്നത് ആ കാലഘട്ടത്തില്‍ നിന്നാണ്. ലോകത്തെമ്പാടുമുള്ള അപരിഷ്‌കൃതമായ ആദിവാസി, ഗോത്രവര്‍ഗ്ഗങ്ങളിലെല്ലാം സംഗീതമുണ്ടായിരുന്നു. ചരിത്രാതീത കാലത്തുണ്ടായിരുന്ന ആ സംഗീതം പ്രിമിറ്റീവ് മ്യൂസിക് എന്നറിയപ്പെടുന്നു. ആഫ്രിക്കയിലെ ആദിവാസി വിഭാഗത്തിനിടയിലാണ് ആദ്യ സംഗീതം ഉടലെടുത്തതെന്ന് കരുതപ്പെടുന്നു.
മനുഷ്യന്റെ ശബ്ദം തന്നെയായിരുന്നു ആദ്യ സംഗീതോപകരണം. എല്ലു കൊണ്ട് നിര്‍മ്മിച്ച അഞ്ച് ദ്വാരങ്ങളുള്ള, ഇന്നത്തെ ഫ്‌ളൂട്ടിനു സമാനമായ ഒരുപകരണം ചില ശാസ്ത്രജ്ഞര്‍ ജര്‍മ്മനിയില്‍ നിന്നു കണ്ടെടുത്തു. 'വി' ആകൃതിയിലുള്ള വായഭാഗം ഇതിനുണ്ടായിരുന്നു. ഇതു പോലെ തടി കൊണ്ടു നിര്‍മ്മിച്ച് ഏഴു തുളകളുള്ള ഒരുപകരണം അയര്‍ ലണ്ടിലെ ഗ്രേ സ്റ്റാന്‍ഡില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. ചരിത്രാതീത കാലത്തുള്ള വിപുലവും വലിപ്പമേറിയതുമായ ഒരു ഉപകരണ ശേഖരം കണ്ടെത്തിയത് ചൈനയില്‍ നിന്നാണ്. ബി.സി. 7000നും 6600നും മദ്ധ്യേയുള്ളവയായിരുന്നു അത്. ഇന്ന് കണ്ടെത്തിയിട്ടുള്ളവയില്‍ വെച്ച് ഏറ്റവും പഴയ, എഴുതപ്പെട്ട ഗാനം ഹൂറിയന്‍ സോങ്ങാണ്. ബി.സി.1400ല്‍ കളിമണ്‍ പലകയില്‍ എഴുതപ്പെട്ട രൂപത്തിലാണ് അവ കണ്ടെത്തിയത്. ഇപ്പോഴും ഈ വഴിക്കുള്ള അന്വേഷണങ്ങള്‍ തുടരുന്നതിനാല്‍ ഇതിലും പഴക്കമുള്ള സംഗീതോപകരണങ്ങ ളും എഴുതപ്പെട്ട ഗാനങ്ങളും കണ്ടെടുക്കാന്‍ സാധിച്ചേക്കാമെന്ന പ്രതീക്ഷയിലാണു പുരാവസ്തു ഗവേഷകര്‍.
ഇന്‍ഡസ് വാലീ കാലഘട്ടത്തിലെ ഏഴ് ദ്വാരങ്ങളുള്ള തരം ഫ്‌ളൂട്ടും മറ്റു ചില സംഗീതോപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഹാരപ്പ, മോഹന്‍ജദാരോ എന്നിവിടങ്ങളില്‍ നിന്ന് ഇന്നത്തെ ഡ്രംസിന്റെ പ്രാചീന രൂപമെന്നു തോന്നിക്കുന്ന ഉപകരണങ്ങളും വയലിന്‍ പോലെ തന്ത്രികളുള്ള ചില ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പാട്ടിനും നൃത്തത്തിനും ഉപയോഗിച്ചിരുന്നവയാണിവ എന്നു കരുതപ്പെടുന്നു. ചരിത്രാതീതകാലം മുതല്‍ ഭാരതത്തിലും സംഗീതമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണവ.
ഒന്‍പതാം നൂറ്റാണ്ടില്‍ മതപരമായ ചടങ്ങുകളില്‍ സംഗീതത്തിനു പ്രാധാന്യം ലഭിച്ചുതുടങ്ങി. കൃസ്ത്യന്‍ ദേവാലയങ്ങളിലെ പ്രാര്‍ത്ഥനകളില്‍ ഗാനങ്ങളുപയോഗിക്കുന്നതിന്റെ തുടക്കമായി ഇതിനെ കാണാം. അറബി സഞ്ചാരിയായിരുന്ന അല്‍ ഫറാബി സംഗീതത്തെക്കുറിച്ച് സംഗീത മഹാപുസ്തകം എന്നര്‍ത്ഥം വരുന്ന കിതാബ് അല്‍ മ്യൂസിക്കി അല്‍ കബീര്‍ എന്ന ഗ്രന്ഥം രചിച്ചതും ഇക്കാലത്തായിരുന്നു. ഭാരതത്തിലാകട്ടെ വേദങ്ങളിലും മറ്റുമുള്ള മന്ത്രങ്ങള്‍ക്കും ധ്യാനങ്ങള്‍ക്കുമെല്ലാം സംഗീതത്തിന്റെ അകമ്പടിയുണ്ടായിരുന്നതായി മനസ്സിലാക്കാം.







ഇങ്ങനെ വിവിധ സംസ്‌കാരങ്ങളിലെല്ലാം ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയമായി സംഗീതം എന്ന കലാരൂപം ക്രമാനുഗതമായ വളര്‍ച്ച നേടിവരികയായിരുന്നു. ക്‌ളാസ്സിക്കല്‍, വെസ്റ്റേണ്‍, പോപ്പ്, റാപ്പ് എന്നിങ്ങനെ നൂറുകണക്കിനു തരംതിരിവുകള്‍ സംഗീതത്തിലുണ്ടെങ്കിലും ഇന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു കലാശാഖ തന്നെയാണു സംഗീതം. നൃത്തം, നാടകം, സിനിമ തുടങ്ങിയ മറ്റു കലകളിലും സംഗീതത്തിന് അതിന്റേതായ സ്ഥാനമുണ്ട്.

ഇപ്പോള്‍ എന്താണ് സംഗീതം എന്ന് ഒരേകദേശ രൂപം നിങ്ങള്‍ക്ക് കയ്‌വന്നെങ്കില്‍ ഈ പാവം പാവം പ്രവാസി ധന്യനായ്...